ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നേക്കാവുന്ന വൈറ്റ് ഹൗസ് രേഖകള്‍ സംഭവം അന്വേഷിക്കുന്ന പ്രതിനിധി സഭാ കമ്മിറ്റിക്ക് കൈമാറാന്‍ യുഎസ് കോടതി ഉത്തരവ്. മുന്‍ പ്രസിഡന്റ് എന്ന നിലയ്‌ക്ക് ആശയവിനിമയ, സന്ദർശകരേഖകള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള പ്രത്യേകാവകാശം ഉണ്ടെന്നു കാട്ടി രേഖകൾ പുറത്തുവിടുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പൊതുജനതാൽപ്പര്യപ്രകാരം രേഖകള്‍ വിട്ടുനല്‍കേണ്ടതുണ്ടെന്ന് അറിയിച്ച കോടതി ട്രംപിന്റെ ഹര്‍ജി തള്ളി. രേഖകളിൽ ട്രംപിന്റെ ഉന്നത ഉദ്യേഗസ്ഥരില്‍ നിന്നുള്ള രേഖകളും പ്രസ് സെക്രട്ടറിക്കുള്ള മെമ്മോകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കോടതി രേഖയിൽ പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപിന്റെ അഭിഭാഷകർ അറിയിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ക്യാപിറ്റോൾ കെട്ടിടത്തിന് കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. യുഎസ് ഭരണ സിരാകേന്ദ്രം കണ്ട ഏറ്റവും വലിയ ആക്രമണം ലോകമാകെ ചർച്ചയായി. സംഭവം ലോകമാകെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടവർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടികളെടുത്തു തുടങ്ങിയത്.






