യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ജെഡി വാൻസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഒഹായോയിൽ നിന്നുള്ള സെനറ്ററായ ജെഡി സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് സ്ഥാനാർത്ഥിത്വം സ്വന്തമാക്കിയത്. നിലവിൽ റിപ്പബ്ലിക്കൻ ക്യാമ്പിലെ പ്രധാനികളിൽ ഒരാളാണ് അദ്ദേഹം.
യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ജെഡി വാൻസിന്‍റെ ഭാര്യ. യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ച വ്യക്തിയാണ് വാൻസ്. ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിലായിരുന്നു ജനനം. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി.സോഷ്യൽ മീഡിയയിലൂടെയും ട്രംപ് ജെഡി വാൻസിനെക്കുറിച്ച് സംസാരിച്ചു. തന്‍റെ വൈസ് പ്രസിഡന്‍റാകാൻ ഏറ്റവും അനുയോജ്യമായ വ്യക്തി വാൻസാണെന്നായിരുന്നു പ്രതികരണം. തൊഴിലാളികൾക്കും കർഷകർക്കും വാൻസ് ഒരു ചാമ്പ്യനാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘ഹിൽബില്ലി എലിജി’ എന്ന ഓർമ്മക്കുറിപ്പിലൂടെ ശ്രദ്ധേയനായ വ്യക്തി കൂടിയാണ് വാൻസ്. മിഡിൽടൗണിലെ ബാല്യകാലവും കുടുംബത്തിന്‍റെ അപ്പലാച്ചിയൻ മൂല്യങ്ങളും വിവരിക്കുന്ന ഓർമ്മക്കുറിപ്പ് ന്യൂയോർത്ത് ടൈംസിന്‍റെ ബെസ്റ്റ് സെല്ലറായിരുന്നു.






