US
  • inner_social
  • inner_social
  • inner_social

ജോർജ് ഫ്ലോയിഡിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം

ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ യൂണിയൻ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന ജോർജ് ഫ്ലോയിഡിന്റെ പ്രതിമയിൽ നീല പെയ്ന്റ് ഒഴിച്ചു വിരൂപമാക്കിയതായി പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്, ഒരു വീഡിയോയിൽ സ്കേറ്റ്ബോർഡിൽ എത്തിയ അജ്ഞാതനായ ഒരാൾ ഏകദേശം 10 മണിയോടെ പ്രതിമയിൽ പെയിന്റ് എറിഞ്ഞ ശേഷം ഓടിപ്പോവുന്നത് കാണാമായിരുന്നു. അന്തരിച്ച കോൺഗ്രസുകാരനായ ജോൺ ലൂയിസിന്റെയും, പൊലീസിന്‍റെ വെടിയേറ്റ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബ്രിയോണ ടെയ്‌ലറുടെയും ശില്‍പങ്ങളും ഇവിടെയുണ്ടായിരുന്നു. എന്നാല്‍, അതില്‍ രണ്ടിലും കേടുപാടുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. അജ്ഞാതന്‍ അവയെ സ്‍പര്‍ശിച്ചിട്ടേ ഇല്ല. എന്നാല്‍, പ്രതിമയിൽ പെയിന്റ് എറിയുന്ന പ്രസ്‍തുത വീഡിയോ പോലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ 1– 800 – 577 8477 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം മിനിയാപൊളിസിൽ വച്ച് പോലീസീനാലാണ് ജോര്‍ജ്ജ് ഫ്ലോയ്‍ഡ് കൊല്ലപ്പെടുന്നത്. ഇതേ തുടര്‍ന്ന് ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ എന്ന പേരില്‍ വലിയ പ്രതിഷേധം തന്നെ ഉണ്ടായിരുന്നു. ജോർജ് ഫ്ലോയിഡിന്റെ പ്രതിമ രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നത്.
അമേരിക്കയിൽ അടിമത്തം പൂർണമായും അവസാനിച്ചതിന്‍റെ സ്മരണയ്ക്കായി രണ്ടാം വിമോചന ദിനമായി അമേരിക്കക്കാർ കാണുന്ന Juneteenth അഥവാ ജൂൺ19 അവധിദിനത്തോടനുബന്ധിച്ചാണ് ബ്രൂക്ലിനിലെ ഫ്ലാറ്റ്ബഷ് അവന്യൂവിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, അനാച്ഛാദനം ചെയ്‍ത് അഞ്ച് ദിവസത്തിന് ശേഷം കറുത്ത പെയിന്റ് ഉപയോഗിച്ച് അത് നശിപ്പിക്കുകയും വൈറ്റ് സുപ്രിമസിസ്റ്റ് ഗ്രൂപ്പിന്‍റെ ലോഗോ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.