ന്യൂസിലാന്‍ഡ് പാര്‍ലമെന്‌റിലെ പ്രസംഗത്തിലൂടെ ഒരിക്കല്‍ വൈറലായ എംപിയായിരുന്നു ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന പട്ടം നേടിയ ക്ലാര്‍ക്ക്, പ്രസംഗത്തിനിടെ പരമ്പരാഗത മാവോഹി ഡാന്‍സ് ചെയ്തും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞും ഒരിക്കല്‍ കൂടെ വൈറലായിരിക്കുകയാണ്. മവോരി ഗോത്രവര്‍ഗപ്രതിനിധിയായ ഹന റൗഹിതിയുടെ ‘നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മരിക്കും, എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജീവിക്കുകയും ചെയ്യും’,എന്ന പ്രസംഗമായിരുന്നു കഴിഞ്ഞ വര്‍ഷം ചര്‍ച്ചാ വിഷയം.
ട്രീറ്റി പ്രിന്‍സിപ്പിള്‍ ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോഴായിരുന്നു ക്ലാര്‍ക്കിന്റെ ഡാന്‍സ്. നടുത്തളത്തിലിറങ്ങി ഡാന്‍സ് ചെയ്ത ക്ലാര്‍ക്ക് പിന്നാലെ പ്രതിഷേധ സൂചകമായി ബില്ലിന്റെ പകര്‍പ്പും കീറിയെറിഞ്ഞു. 184 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ക്രൗണ്‍-മാവോരി ഉടമ്പടി സംബന്ധിച്ച ബില്ലാണ് ക്ലാര്‍ക്ക് കീറിയെറിഞ്ഞത്. നടുത്തളത്തിലിറങ്ങി ക്ലാര്‍ക്ക് ഹക്ക നൃത്തം ആരംഭിച്ചതോടെ മറ്റ് എംപിമാരും ക്ലാര്‍ക്കിനൊപ്പം നൃത്തത്തില്‍ പങ്കുചേരുന്നതും ദൃശ്യങ്ങളില്‍ കാണാം.





