പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാഷന്‍ ജ്യോഗ്രഫിക്കിന്റെ കവര്‍ ചിത്രമായ അഫ്ഗാന്‍ പെണ്‍കുട്ടി ശര്‍ബത്ത് ഗുലയെ ഓര്‍ക്കുന്നോ. തീക്ഷണമായ ആ പച്ചക്കണ്ണുകളുടെ ഉടമയെ. ‘അഫ്‌ഗാനിലെ മൊണാലിസ’ എന്നാണു അവരെ ഒരു ഇംഗ്ളീഷ് മാധ്യമം വിശേഷിപ്പിച്ചത്. ഒരായുസ്സിന്റെ ദുരന്താനുഭവങ്ങള്‍ മുഴുവന്‍ വിളിച്ചോതിയ കത്തുന്ന ആ കണ്ണുകളുടെ ഉടമ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ ശര്‍ബത്ത് ഗുലയാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല അവളുടെ അലച്ചില്‍. ഏറ്റവും ഒടുവിലിതാ ഇറ്റലിയിലെത്തിയിരിക്കുന്ന അവള്‍. അഭയം തേടി. ഇറ്റലി അവരെ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. ലോകപ്രശസ്തയായ ശർബത്ത് റോമിലെത്തിയ വിവരം ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ഓഫീസാണ് പുറത്തുവിട്ടത്.
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതിനു പിറകെ രാജ്യം വിടാൻ ശർബത്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം വിവിധ സന്നദ്ധ സംഘങ്ങൾ തങ്ങളെ അറിയിച്ചതിനെ തുടർന്നാണ് ശര്‍ബത്തിനെ സ്വീകരിക്കാൻ തയാറായതെന്ന് ഇറ്റലി അറിയിച്ചു. അഫ്ഗാൻ അഭയാർത്ഥികളുടെ രക്ഷാപ്രവർത്തനദൗത്യത്തിന്റെ ഭാഗമായാണ് അവരെ സ്വീകരിച്ചതെന്നും മരിയോ ദ്രാഗിയുടെ ഓഫീസ് അറിയിച്ചു.
അധിനിവേശത്തിന്റെ ദുരിതപൂര്‍ണമായ ജീവിതങ്ങള്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു അവരുടേത്. 1984 ല്‍ സ്റ്റീവ് മക്കറിയാണ് ശർബത്ത് ഗുലയുടെ ചിത്രം പകര്‍ത്തിയത്. അത്തവണ നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്നു ആ ചിത്രം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പാകിസ്താനില്‍ ജീവിക്കുന്നതായി കണ്ടെത്തി 2016 ല്‍ ഇവരെ അഫ്ഗാനിലേക്ക് തിരിച്ചയച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് കാബൂളില്‍ വീടും അനുവദിച്ചു. എന്നാല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ സ്വന്തം നാടുവിടാന്‍ അവര്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു.






