സ്ത്രീകൾ പൊതുസ്ഥലത്ത് സംസാരിക്കാൻ പാടില്ല, താലിബാന്റെ പുതിയ നിയമത്തിനെതിരെ പ്രതിഷേധം

സ്ത്രീകൾ പൊതുസ്ഥലത്ത് സംസാരിക്കുന്നതും മുഖം കാണിക്കുന്നതും വിലക്കിയ താലിബാൻ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞയാഴ്ച താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ അംഗീകരിച്ച് പുറത്തിറക്കിയ നിയമത്തിലാണ് സ്ത്രീകൾ പൂർണമായും ശരീരം മറയ്ക്കണമെന്നടക്കമുള്ള മനുഷ്യവിരുദ്ധമായ വ്യവസ്ഥകളുള്ളത്. പുരുഷൻമാരെ പ്രലോഭനത്തിലേക്ക് നയിക്കാതിരിക്കാൻ പൊതുസ്ഥലത്ത് സ്ത്രീകൾ മുഖമടക്കം ശരീരഭാഗം പൂർണമായും കട്ടിയുള്ള തുണികൾ കൊണ്ട് മറക്കണമെന്നാണ് താലിബാന്റെ പുതിയ നിയമത്തിൽ പറയുന്നത്.

എന്നാൽ പുതിയ നിയമത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെയാണ് സ്ത്രീകൾ പ്രതിഷേധം അ‌റിയിച്ചത്. ഹാഷ്ടാ​ഗുകളോടൊപ്പം വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. “എൻ്റെ ശബ്ദം നിരോധിച്ചിട്ടില്ല”, “താലിബാൻ വേണ്ട” തുടങ്ങിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ചാണ് പുതിയ നിയന്ത്രണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ‘നിങ്ങൾ എന്റെ ശബ്ദം നിശബ്ദമാക്കി… ഒരു സ്ത്രീയെന്ന കുറ്റത്തിന് നിങ്ങളെന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ സംഘടനകളും, പ്രമുഖ വ്യക്തികളുടെ ഈ ക്യാമ്പയിനിനു പിന്തുണയുമായി രംഗത്തുണ്ട്.

2021-ൽ താലിബാൻ ഭരണം പിടിച്ചെടുത്തിന് പിന്നാലെ, ഒന്നിന് പിറകെ ഒന്നായി നിരവധി നിയമങ്ങളാണ് അഫ്​ഗാനിസ്ഥാനിൽ നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് പൊതുസ്ഥലത്ത് മുഖം പുറത്ത് കാണിക്കാനോ, ശബ്ദിക്കാനോ പാടില്ലെന്ന ശാസന രണ്ട് ദിവസം മുമ്പാണ് പുറപ്പെടുവിച്ചത്. ഈ നിയമം മുമ്പും നിലനിന്നിരുന്നെങ്കിലും ഇപ്പോഴാണ് നിയമമായി മാറിയത്.