അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 950 പേർ മരിച്ചു, 621 പേർക്ക് പരിക്ക്

കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ മലയോര മേഖലയില്‍ ഉണ്ടായ ഭൂചനത്തിൽ 920 പേർ മരിച്ചു. 621 പേർക്ക് പരിക്കേറ്റെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്‌ച രാത്രി ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്.

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനം ഏറ്റവും നാശം വിതച്ചത്. അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ 500 ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിട്ടുണ്ട്. പാക് പഞ്ചാബില്‍ ഏതാനും വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.