ലെബനനിലെ ഹിസ്ബുള്ള പ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ട് സെപ്തംബറിൽ നടന്ന പേജർ സ്ഫോടനങ്ങളിൽ ഇസ്രയേലിന്റെ പങ്ക് അംഗീകരിച്ച് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയതിനു പിന്നാലെ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം. തിങ്കളാഴ്ച തൊണ്ണൂറിലധികം മിസൈലുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്തത്. വടക്കൻ നഗരമായ ഹൈഫയിലായിരുന്നു ആക്രമണം.
ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ഒരു കുട്ടിക്കും മിസൈൽ ആക്രമണത്തിൽ പരുക്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ആക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്കും ഒപ്പം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഗലീലി ഏരിയയിൽ നിന്നാണ് ഹിസ്ബുള്ള മിസൈൽ തൊടുത്തതെന്നാണ് ഇസ്രയേൽ കണ്ടെത്തിയിരിക്കുന്നത്. ആദ്യമെത്തിയ മിസൈലുകളിൽ പലതിനെയും അയൺ ഡോം ഉപയോഗിച്ച് ഇസ്രയേൽ തടഞ്ഞിരുന്നു. എങ്കിലും ചിലത് നഗരത്തിൽ പതിച്ചു. ഹൈഫയ്ക്ക് പുറമെ കാർമ്മിയേൽ അടക്കമുള്ള മറ്റ് ചില നഗരങ്ങളിൽ മിസൈൽ പതിച്ചതായും വിവരമുണ്ട്.
നേരത്തെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും എതിർപ്പുണ്ടായിരുന്നിട്ടുകൂടിയാണ് പേജർ ഓപ്പറേഷൻ നടത്തിയതെന്നും ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയെ ഉൻമുലനം ചെയ്തതുമെന്ന് ബെഞ്ചമിൻ നെതന്യാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. സെപ്തംബർ 17നും 18നും തുടർച്ചയായാണ് സൂപ്പർമാർക്കറ്റുകളിലും തെരുവുകളിലും സംസ്കാര ചടങ്ങുകളിലും മറ്റും ഹിസ്ബുള്ള പ്രവർത്തകരുടെ പേജറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 40ഓളം പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ലെബനനിലെ സൈനിക നടപടിക്ക് മുൻപായിരുന്നു സ്ഫോടനങ്ങൾ നടന്നത്.