യു എസ് സമ്മർദ്ദം? ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ

ഹമാസ് നേതാക്കളോട് രാജ്യം വിടണമെന്ന് ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് നയം മാറ്റം എന്നാണ് ലഭിക്കുന്ന സൂചന. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുമ്പാണ് അഭ്യർത്ഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു.

ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്നും. ആഴ്ചകൾക്ക് മുമ്പ് മറ്റൊരു ബന്ദി മോചന നിർദ്ദേശം ഹമാസ് നിരസിച്ചതിനെ തുടർന്നാണ് ഞങ്ങൾ ഇക്കാര്യം ഖത്തറിനോട് വ്യക്തമാക്കിയതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. അതെ സമയം ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മേഖലയിലെ മനുഷ്യ ജീവിതം ദുസ്സഹമാകുന്നു.

ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നതായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും പ്രശ്‌ന പരിഹാരത്തിന് പൂര്‍ണതോതില്‍ സന്നദ്ധരായാല്‍ മാത്രം ഇനി ചര്‍ച്ചയെന്നാണ് ഖത്തര്‍ സ്വീകരിക്കുന്ന നിലപാട്. ചര്‍ച്ചകളുടെ മധ്യസ്ഥ സ്ഥാനത്ത് തുടരാനാകില്ലെന്ന് ഖത്തര്‍ നിലപാട് എടുക്കുമ്പോള്‍ ഗാസയില്‍ സമാധാനം പുലരാനുള്ള ടെ അവസന പ്രതീക്ഷയും അവസാനിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.