കാബൂള്‍ സ്‌ഫോടനത്തിന് തിരിച്ചടി; ഐഎസ് കേന്ദ്രം തകര്‍ത്ത് താലിബാന്‍ സൈന്യം

കാബൂളിലെ മുസ്ലീംപള്ളിക്ക് മുന്നില്‍ സ്ഫോടനം നടന്നതിന് പിന്നാലെ കാബൂളിന്റെ വടക്കുഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം തകര്‍ത്തതായി താലിബാന്‍ സൈന്യം. ഞായറാഴ്ച ഈദ്ഗാഹ് പള്ളി പ്രവേശന കവാടത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ പ്രദേശവാസികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പിന്നില്‍ ഐഎസ് ആണെന്നാണ് താലിബാന്റെ നിഗമനം. പ്രാഥമിക അന്വേഷണത്തില്‍ ഐസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായും അന്വേഷണം തുടരുകയാണെന്നും മുജാഹിദ് എഎഫ്പിയോട് പറഞ്ഞു. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് അവസാനത്തോടെ യുഎസ് സൈന്യം പിന്‍വാങ്ങിയതിന് ശേഷം അഫ്ഗാന്‍ തലസ്ഥാനത്ത് നടന്ന ഗൗരവമേറിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്. എന്നാല്‍ സ്‌ഫോടനവുമായി ആരെങ്കിലും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണമൊന്നുമില്ല. ഐസിസ് ഖൊറാസന്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശിക യൂണിറ്റ് താലിബാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്.

നേരത്തെ, പ്രാദേശിക മാധ്യമങ്ങള്‍ പ്രദേശത്ത് കനത്ത ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, രാത്രിയില്‍ പൊട്ടിത്തെറിയും വെടിയൊച്ചയും കേട്ടതായി താമസക്കാര്‍ സ്ഥിരീകരിച്ചിരുന്നു. കാബൂളിന് വടക്ക് പഞ്ച്ഷിര്‍ മേഖലയില്‍ നിന്നുള്ള പ്രതിരോധ സേന നേതാവായ അഹ്‌മദ് മസൂദിന്റെ ശക്തികള്‍ക്കെതിരെ പോരാടുന്ന താലിബാന്‍ രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു.