ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേല്‍, ഗാസ മുനമ്പില്‍ വംശഹത്യയാണ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരെ രംഗത്തുവരണമെന്നും ആംനസ്റ്റി റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും, മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പ്രധാന പങ്കുണ്ടെന്നും ആംനസ്റ്റി പറയുന്നു.
മാരക ആക്രമണങ്ങള്‍ നടത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും പലസ്തീനികളെ കരുതിക്കൂട്ടി തകര്‍ക്കാനുള്ള നടപടികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയുമെല്ലാം പുച്ഛിച്ചുകൊണ്ടാണ് ഇസ്രയേൽ ഈ വംശഹത്യ നടത്തുന്നത്. ഹമാസിനെ ഇല്ലാതാക്കുക എന്നതിനൊപ്പം പലസ്തീനികളെ മൊത്തമായി ഇല്ലാതാക്കുക എന്നത് കൂടിയാണ് ഇസ്രയേലിന്റെ പദ്ധതിയെന്നും ആംനസ്റ്റി ആരോപിച്ചു. ഇതുവരെ 43,712 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
അതേസമയം, ആംനസ്റ്റിയുടെ ആരോപണത്തെ ഇസ്രയേല്‍ നിരാകരിച്ചു. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും കള്ളങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇസ്രയേലിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെ ആക്രണമാണ് യുദ്ധത്തിന് വഴിവെച്ചതെന്ന് പറഞ്ഞ ഇസ്രയേല്‍, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും പറഞ്ഞു.