സംവരണനയം തിരുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർത്ഥി സമരം ശക്തമാകുന്നു

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ബംഗ്ലാദേശില്‍ വലിയ രാഷ്ട്രീയ വിഷയമായി വഴിമാറിയേക്കാമെന്ന് വിലയിരുത്തല്‍. ഷേയ്ഖ് ഹസീന ഭരണകൂടം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായി വിദ്യാര്‍ത്ഥി പ്രക്ഷോഭം മാറിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മൂന്നാഴ്ചയിലധികമായി രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 105 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മൂന്നൂറിലധികം വിദ്യാർഥികൾ ലഭ്യമായ മാർഗങ്ങള്‍ ഉപയോഗിച്ച് അതിർത്തി കടന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ പ്രധാനമന്ത്രി ഷേയ്ഖ് ഹസീന പ്രക്ഷോഭകാരികളെ ‘റസാക്കാര്‍’ എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിരുന്നു . 1971ലെ ബംഗ്ലാദേശ് വിമോചനകാലത്ത് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത് പാക്കിസ്താന്‍ പക്ഷം ചേര്‍ന്നവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദമാണ് ‘റസാക്കാര്‍’ എന്നത്.

1971ലെ സ്വാതന്ത്ര്യസമര സേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. ഈ സമ്പ്രദായം അന്യായമാണെന്നും മെറിറ്റ് അടിസ്ഥാനമാക്കിയാണ് മിക്ക തസ്തികകളും നികത്തേണ്ടതെന്നും വിദ്യാർഥികൾ പറയുന്നു. സർക്കാർ ജോലികൾ സംവരണം നൽകുന്നത് ചെയ്യുന്നതെങ്ങനെയെന്ന് പുനഃപരിശോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ വേഗത സമീപ വർഷങ്ങളിൽ ബംഗ്ലാദേശിൽ മന്ദഗതിയിൽ ആയിട്ടുണ്ട്. അതിനാൽ ഇത് രാജ്യത്തെ അടിയന്തര ആവശ്യമായാണ് പ്രതിഷേധക്കാർ കാണുന്നത്. യുണൈറ്റഡ് നേഷൻസ് ട്രേഡ് ബോഡിയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്.