പാകിസ്ഥാനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേരെ അജ്ഞാതർ വെടിവച്ച് കൊന്നു. ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് സംഭവം. നടന്നത്. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷമാണ് വെടിവച്ച് കൊന്നത്. തീവ്രവാദി ആക്രമണമാണെന്നാണ് സൂചന. എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. യാത്രക്കാരെ ബസുകളിൽ നിന്ന് ഇറക്കിവിട്ടു. തുടർന്നാണ് 23 പേരെ വെടിവച്ച് കൊന്നതെന്ന് മുസാഖേലിലെ അസിസ്റ്റന്‍റ് കമ്മീഷണർ നജീബ് കാക്കറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അക്രമികൾ 10 വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായും പൊലീസ് പറഞ്ഞു. സംഭവത്തെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഭീകരരുടെ ക്രൂരത എന്നാണ് പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പ്രതികരിച്ചത്. നിരപരാധികളായ യാത്രക്കാരോട് ക്രൂരത കാണിച്ച ഭീകരർക്കും അവരുടെ സഹായികൾക്കും കനത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.






