ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും സംഘർഷാവസ്ഥയുണ്ടായത്. ഖമേനിയുടെ പ്രസ്താവനയോട് ഇസ്രായേൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതെ സമയം ഇസ്രയേലിനെ ആക്രമിക്കുന്നതിൽനിന്ന് ഇറാൻ പിൻതിരിയണമെങ്കിൽ ഏകമാർഗം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവായിരുന്ന ഇസ്മായിൽ ഹനിയയെ തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽവച്ച് കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്ന നിലയ്ക്കാണ് ഇറാൻ ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയിരുന്നത്. പശ്ചിമേഷ്യൻ മേഖല വലിയ സംഘർഷാവസ്ഥയിലേക്ക് പോകുമോ എന്ന ആശങ്കയിലിരിക്കെയാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടും പുറത്തുവരുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമാണ് ഇസ്മയിൽ ഹനിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നെഷാത്ത് എന്നറിയപ്പെടുന്ന തന്ത്ര പ്രധാനമായ ഗെസ്റ്റ് ഹൗസിൽ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്ഫോടനം നടത്തിയാണ് ഹനിയയെ കൊലപ്പെടുത്തിയത്.