ചൈനീസ് ചാര ബലൂൺ: ഷി ജിങ് പിന്നുമായി ചർച്ച ചെയ്യുമെന്ന് ബൈഡൻ

യു എസ് സൈന്യം ദിവസങ്ങൾക്ക് മുൻപ് സൗത്ത് കരോലിന തീരത്ത് വെടിവെച്ചിട്ട ചൈനീസ് ബലൂൺ ചാരവൃത്തിക്ക് തന്നെ ഉപയോഗിച്ചതാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് ചാര ബലൂൺ വിഷയം ചൈനീസ് പ്രസിഡന്റെ ഷി ജിങ് പിന്നുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഒരു യുദ്ധത്തിന് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു..

അതെ സമയം വിഷയത്തിൽ പ്രതികരണവുമായി ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയും രംഗത്തെത്തി. വെടിവെച്ചിട്ട ബലൂണിന്റെ മുഴുവൻ അവശിഷ്ടങ്ങളും ലഭിച്ചതായും, അതിനുള്ളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

”ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടങ്ങിയ നിര്‍ണായകമായ ചില വസ്തുക്കള്‍ ബലൂണിനകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവ എഫ്ബിഐയുടെ ലാബില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇതുവരെയുള്ള പഠനത്തില്‍ ബലൂണിനെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. ബലൂണ്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ സാധ്യതകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ പഠനം വഴിവയ്ക്കുമെന്നാണ് വിശ്വാസം’ ജോണ്‍ കിര്‍ബി പറഞ്ഞു.

ഈ മാസം ആദ്യ വാരം ആണ് അമേരിക്കൻ സൈന്യം ചൈനയുടെ ‘ചാര’ ബലൂൺ തകർത്തത്. സൗത്ത്‌ കരോലിന തീരത്ത്‌ അമേരിക്കൻ അതിർത്തിയിൽ പ്രവേശിച്ച ബലൂണാണ്‌ സൈന്യം തകർത്തത്‌. അതെ സമയം അമേരിക്ക വെടിവച്ചിട്ട ബലൂൺ തങ്ങളുടേതാണെന്ന്‌ സ്ഥിരീകരിച്ചെങ്കിലും ചാര പ്രവർത്തനം ലക്ഷ്യമാക്കിയുള്ള ബലൂണാണെന്ന അമേരിക്കൻ ആരോപണം ബീജിങ് നിഷേധിച്ചു.