ബ്രസീലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിധിയെഴുതി രാജ്യത്തെ 12 കോടിയിലധികം ജനങ്ങള്‍. ആദ്യ ഫലസൂചന ഇന്നറിയാം. ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവവും തീവ്രവലതുപക്ഷക്കാരനും നിലവിലെ പ്രസിഡന്റുമായ ജയിർ ബോൾസനാരോയും തമ്മിലാണ് പ്രധാന മത്സരം. ഒമ്പത് സ്ഥാനാര്‍ഥികള്‍കൂടി മത്സരത്തിനുണ്ട്.രണ്ടാംവട്ട വോട്ടെടുപ്പിന് സാധ്യതയൊരുക്കാതെ ലുല ഡ സില്‍വ ജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കിൽ 30ന് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും.
രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി 15.64 കോടിയിലേറെ വോട്ടർമാരാണുള്ളത്. 8.23 കോടി വനിതാ വോട്ടർമാരാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രചരണം തീവ്ര വലതുപക്ഷ നേതാവായ 67കാരനായ ബോള്‍സൊനാരോ ശക്തമാക്കിയിരിക്കുകയാണ്. എതിരാളിയായ ലുല (76) 2010ല്‍ സ്ഥാനമൊഴിഞ്ഞ ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. 2003 മുതല്‍ 2010 വരെയായിരുന്നു വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുല ബ്രസീലിന്റെ പ്രസിഡന്റായിരുന്നത്. 2019ലായിരുന്നു കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടി നേതാവായ ബോള്‍സൊനാരോ ബ്രസീലിന്റ പ്രസിഡന്റായി അധികാരമേറ്റത്.






