രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയയും. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്ന ഇമിഗ്രേഷൻ നയ മാറ്റങ്ങൾ തിങ്കളാഴ്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും, താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർഥികളുടെയും വർക്ക് പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറക്കും, പെർമനന്റ് റസിഡൻസി അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും, അന്താരാഷ്ട്ര വിദ്യാർഥികളെ രാജ്യത്തേക്ക് എത്തിക്കുന്നത് കുറക്കും എന്നിവ അടക്കമുള്ള മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാനഡക്ക് പിന്നാലെ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. വരുന്ന വർഷം മറ്റു രാജ്യങ്ങളിൽ നിന്നുള്ള 2.7 ലക്ഷം വിദ്യാർഥികൾക്ക് മാത്രമെ വിസ അനുവദിക്കു എന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കുടിയേറ്റം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് തീരുമാനം. വരുന്ന ഫെബ്രുവരി ബാച്ചിൽ ഉന്നതവിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ നീക്കം ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാർഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുണ്ട്.
അതെ സമയം കാനഡയിലെ പുതിയ ഫെഡറൽ നയത്തിനെതിരെ അന്താരാഷ്ട്ര വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർഥികളെയും താല്കാലിക തൊഴിലാളികളെയും രാജ്യത്തു നിന്നു നാട് കടത്താൻ അനുവദിക്കുന്ന പുതിയ നയമാറ്റങ്ങൾ പിൻവലിക്കണമെന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ നിയമനിർമ്മാണ അസംബ്ലിക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലും ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ പ്രതിഷേധിച്ചു.