ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സൗദിയിൽ

ആദ്യ ചൈന-–-അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിലും ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും പങ്കെടുക്കാനായി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി. ഉച്ചകോടിയിൽ നിരവധി അറബ് നേതാക്കളും വിദേശമന്ത്രിമാരും പങ്കെടുക്കും.

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബി, സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്കിങ് എന്നിവർ ചേർന്നു സ്വീകരിച്ചു.

സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിശിഷ്ടമായ പങ്കാളിത്തവും വർധിപ്പിക്കുന്നതിന് സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡൻറ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിനിടയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രതലവന്മാർ ചേർന്ന സൗദി – ചൈനീസ് ഉച്ചകോടി നടക്കും. ഉച്ചകോടിക്കിടെ 11,000 കോടി റിയാലിന്റെ വിവിധ കരാറുകളിൽ ഒപ്പുവെക്കും. കൂടാതെ വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കും.