ബ്രസീലിയന്‍ തീരത്ത് കണ്ടെത്തിയ സ്രാവുകളില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം; അമ്പരന്ന് ഗവേഷകർ

ബ്രസീലിലെ റിയോ ഡി ജനീറയ്ക്ക് സമീപമുള്ള കടല്‍തീര്‍ത്തു നിന്നുള്ള സ്രാവുകളില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയാതായി ഗവേഷകര്‍. ബ്രസീലിയന്‍ ഷാര്‍പ്‌നോസ് (നീളൻ മൂക്കൻ സ്രാവുകൾ) സ്രാവുകളുടെ പേശികളിലും കരളിലുമാണ് കൂടിയ അളവില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. ഇത് സ്രാവുകളുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിട്ടുള്ളതായും ഗവേഷകര്‍ പറയുന്നു. സമുദ്രജല ജീവികളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 13 സ്രാവുകളിലാണ് പരിശോധന നടത്തിയത്. അവയില്‍ മുഴുവനിലും കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. ഇതിന്റെ സാന്ദ്രത മറ്റ് സമുദ്രജല ജീവികളില്‍ മുമ്പ് കണ്ടെത്തിയതിനേക്കാള്‍ 100 മടങ്ങ് കൂടുതലാണ്.

പല സാധ്യതകളും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച് അവര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. അനധികൃത മയക്കുമരുന്ന ഉത്പാദന ലാബുകളിലെ ഡ്രെയിനേജ് വഴിയോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസര്‍ജ്യങ്ങള്‍ അടങ്ങിയ സംസ്‌കരിക്കാത്ത മലിനജലത്തില്‍ നിന്നോ മയക്കുമരുന്ന് സമുദ്ര ആവാസവ്യവസ്ഥയില്‍ പ്രവേശിച്ചിരിക്കാമെന്ന് കരുതുന്നു.രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലാബുകളില്‍നിന്നും ലഹരിമരുന്ന് കടലിലേക്ക് തള്ളുന്നതാവാം മറ്റൊരു കാരണം. മാസങ്ങളോളം കഴിച്ചാല്‍ വരുന്ന അത്ര അളവിലാണ് സ്രാവുകളില്‍ കൊക്കെയ്‌ന്റെ അളവ് കണ്ടെത്തിയിട്ടുള്ളത് എന്നതാണ് തങ്ങളെ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചതെന്ന ഗവേഷകർ പറയുന്നു.