സിറിയയിലെ ആഭ്യന്തര യുദ്ധം; രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെക്കുറിച്ച് സൂചനകളില്ല

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ ദമാസ്കസ് നഗരം വിമതർ പിടിച്ചടക്കിയതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെക്കുറിച്ച് സൂചനകളില്ല. സിറിയയില്‍ അധികാരം വിമതര്‍ക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയതിന് ശേഷമാണ് ബാഷര്‍ അല്‍-അസദ് വിട്ടതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എന്നാല്‍ ബാഷര്‍ അല്‍-അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ വ്യക്തമാക്കിയില്ല.തലസ്ഥാന നഗരമായ ദമാസ്‌കസിന്റെ നിയന്ത്രണം പൂർണ്ണമായി വിമതർ പിടിച്ചെടുത്തു. സിറിയ പൂര്‍ണമായും കീഴടക്കിയെന്ന് ഔദ്യോഗിക ടിവി, റേഡിയോ ചാനലുകളിലൂടെ വിമതർ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരും സൈനികരും വിമാനത്താവളം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി അധികാരം വിമതര്‍ക്ക് കൈമാറിയിരുന്നു. അധികാരം കൈമാറിയതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. താന്‍ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.ജനങ്ങള്‍ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണ്. താന്‍ എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. വീട്ടില്‍ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വമെന്നും മുഹമ്മദ് ഗാസി അല്‍ ജലാലി പറഞ്ഞു. ജനങ്ങളുടെ നല്ലതിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാന്‍ താന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷമാണ് അൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിന് സിറിയയിൽ അന്ത്യമായത്. 1971ൽ സിറിയയിൽ അധികാരത്തിലേറിയ പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000-ലാണ് നേത്രരോഗവിദഗ്ധനായ ബഷർ അൽ അസദ് സിറിയൻ പ്രസിഡന്റാകുന്നത്. അറബ് വസന്തത്തെ തുടർന്ന്, സിറിയയിൽ 2011 മാർച്ചിലാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ രാജിയ്ക്കായുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമായത്.

https://twitter.com/zamzamafg/status/1865493264851140814