13,000ലധികം കോവിഡ് കേസുകള്‍; ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി

ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി ചൈനീസ് ഭരണകൂടം. വിവിധ പ്രവിശ്യകളിലായി പുതിയതായി 13,000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പല പ്രധാന നഗരങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ചൈനീസ് നഗരമായ ഷാംഗ്ഹായില്‍, ആയിരക്കണക്കിന് പട്ടാളക്കാരെയും ആരോഗ്യപ്രവര്‍ത്തകരെയുമാണ് ചൈന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. ടെസ്റ്റുകള്‍ പരമാവധി വര്‍ധിപ്പിച്ച് എല്ലാവരെയും വീടിനുള്ളില്‍ ഇരുത്താനാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം.

ഒമിക്രോണ്‍ വകഭേദമായ BA 1.1 ആണ് രാജ്യത്ത് വ്യപകമായി പടരുന്നത് . രോഗബാധിതരാകുന്ന ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നത് വ്യാപനത്തിന്‍റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഷാങ്ഹായിൽ നിന്നാണ് . നിലവിൽ ഷാങ്ഹായിൽ ലോക്ക്‌ഡൗണ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഷാങ്ഹായിൽ കണ്ടെത്തിയ 8000 പേരിൽ 7788 പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മേഖലയിൽ രോഗവ്യാപനം അതിരൂക്ഷമാവുന്നത് കണക്കിലെടുത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരിയ്ക്കുകയാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ഷാങ്ഹായ് പ്രവിശ്യയിൽ കൂട്ടപരിശോധന നടത്തുകയാണ്. 26 ദശലക്ഷം ജനങ്ങളെയാണ് പരിശോധിക്കുക . രോഗപ്രതിരോധ നടപടികൾക്കായി സൈന്യത്തേയും ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെയും ഷാങ്ഹായിൽ വിന്യസിച്ചിട്ടുണ്ട്.