സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍ രാമേശ്വരം ധനുഷ്കോടിയില്‍ എത്തി. ഇവര്‍ ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടിലാണ് ധനുഷ്‌കോടിയില്‍ എത്തിയത്. ഇവരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പകരം രാമേശ്വരത്തിനടുത്തുള്ള മണ്ഡപത്തെ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റി.ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുന്ന സാഹചര്യത്തില്‍ ഇനിയും അഭയാര്‍ഥികള്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ആദ്യം എത്തിയ സംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് എത്തിയവരെ കണ്ടെത്തിയത്. ശ്രീലങ്ക ജാഫ്‌ന സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഒമ്പതു വിദ്യാര്‍ത്ഥികളെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ 12 പേരെ ധനുഷ്‌കോടിയിലെ മണല്‍തിട്ടയില്‍ നിന്ന് കണ്ടെത്തി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 41 അഭയാര്‍ത്ഥികള്‍ ഇതുവരെ ഇന്ത്യന്‍ തീരത്ത് എത്തിയിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് നാലംഗ കുടുംബം രാമേശ്വരത്ത് എത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് 16 പേരും എത്തിയിരുന്നു. ഇവരെയെല്ലാം മണ്ഡപം ക്യാമ്പിലാണ് താമസിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ അഭയാര്‍ഥികള്‍ എത്താനുള്ള സാധ്യതയെ തുടര്‍ന്ന് അഭയാര്‍ഥി ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.






