ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമർശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി . ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുൻ പ്രതിരോധമന്ത്രി വെളിപ്പെടുത്തി. പുറത്താക്കലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്‍മാരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.
ഗാലന്റില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സർക്കാർ ഗാലാന്റിനെ പുറത്താക്കിയത്. ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയും സർക്കാർ പുറത്തിറക്കി. നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വർധിക്കുകയും പൊതുജനങ്ങളിലേക്ക് അത് എത്തുകയും മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. ഇസ്രയേല്‍ കാറ്റ്‌സിനെ പ്രതിരോധ മന്ത്രി ആയി നിയമിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ ശ്രമിക്കുമെന്നായിരുന്നു കാറ്റ്സിന്റെ ആദ്യ പ്രതികരണം. ഗാസയില്‍ ബന്ധികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ മോചിപ്പിക്കുകയാണ് പ്രധാനലക്ഷ്യമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.