ക്ലിക്ക് കെമിസ്ട്രിയ്ക്ക് നോബൽ പുരസ്കാരം, വൈദ്യശാസ്ത്രരംഗത്ത് പുതു പ്രതീക്ഷകൾ; പ്രൊഫ സി രവീന്ദ്രനാഥ്‌ എഴുതുന്നു

രസതന്ത്ര രംഗത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. കരോളിൻ ആർ ബെർട്ടോസി (യുഎസ്), മോർട്ടാൻ മെൽഡൽ (ഡെൻമാർക്ക്), കെ ബാരി ഷർപ്ലസ് (യുഎസ്) എന്നീ മൂന്നുപേർ പുരസ്കാരം പങ്കിട്ടു. ക്ലിക്ക് കെമിസ്ട്രിയിലെയും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെയും ഗവേഷണങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയുടെ ഈ നേട്ടത്തെ കുറിച്ച് അധ്യാപകനും, മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ സി രവീന്ദ്രനാഥ് എഴുതുന്നു……

ക്ലിക്ക് കെമിസ്ട്രിയ്ക്ക് നോബൽ പുരസ്കാരം. ക്ലിക് കെമിസ്ട്രിയ്ക്ക് ഈ വർഷത്തെ നോബൽ പുരസ്കാരം ലഭിച്ചു. വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് ഈ വർഷത്തെ രസതന്ത്ര നോബൽ പുരസ്കാരം. ഒരു ആറ്റത്തിലേക്ക് മറ്റൊരു ആറ്റത്തെ ഇടിച്ചുകയറ്റികൊണ്ട് ന്യൂക്ലിയസിനെ അസ്ഥിരമാക്കി റേഡിയോ ആക്ടിവത കൃത്രിമമായി ഉല്പാദിപ്പിച്ച് പുതിയ ഒരു മൂലകം ഉണ്ടാക്കുന്ന വിദ്യ പണ്ട് തന്നെ രസതന്ത്രം വികസിപ്പിച്ചിരുന്നു. മനുഷ്യരാശിക്ക് പലതരത്തിലും ഈ പ്രക്രിയ ഉപകാരമായി.

പരിസ്ഥിതിയെ നശിപ്പിക്കുന്ന രീതിയിലുള്ള എമിഷനും സബ്സ്റ്റിട്യൂഷനും പകരം രണ്ട് തന്മാത്രകളിലെ ഡബിൾ ബോണ്ട് ഉപയോഗിച്ച് അഡീഷൻ റിയാക്ഷൻ നടത്തി ഒറ്റ തന്മാത്രയാക്കുന്ന ഗ്രീൻ കെമിസ്ട്രിയും (ഹരിത രസതന്ത്രം) വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്ന മലിനീകരണത്തെ (അയോണുകളും, റാഡിക്കലുകളും അന്തരീക്ഷത്തിലെത്തുന്നത്) തടയുവാനും പ്രകൃതിയെ സംരക്ഷിക്കു വാനും ഹരിത രസതന്ത്രം ഉപകരിക്കുന്നുണ്ട്.

ഇതാ ക്ലിക് കെമിസ്ട്രിയിലൂടെ കോപ്പറിന്റെ സാന്നിദ്ധ്യത്തിൽ രണ്ടു സൂക്ഷ്മ തന്മാത്രകളെ കൂട്ടിച്ചേർത്ത് പുതിയ ഒരു തന്മാത്ര ഉണ്ടാക്കിയിരിക്കുന്നു. 2001 ലാണ് ബാരിഷാർപ്പ്ലെസ് ഈ മാസ്മരിക കണ്ടുപിടുത്തം നടത്തിയത്. അദ്ദേഹം ഇപ്പോൾ രണ്ട് നോബൽ സമ്മാനങ്ങൾ നേടിയ അഞ്ചാമത്തെ വ്യക്തിയായി മാറിയിരിക്കുന്നു. റേഡിയോ ആക്ടിവതയിലൂടെ മേരി ക്യൂറിയും ക്ലിക് കെമിസ്ട്രിയിലൂടെ ബാരിഷാർലെസും രണ്ടു തവണ നോബൽ നേടുന്നവരുടെ ലിസ്റ്റിൽ ഒന്നും അഞ്ചും സ്ഥാനത്തെത്തി. ക്ലിക് തന്ത്രം ഉപയോഗിച്ച് ബയോ ഓർത്തോഗണൽ രസതന്ത്ര പ്രക്രിയക്ക് നേതൃത്വം കൊടുത്ത കരോലിൻ ബർട്രോസിയ്ക്കും മോർട്ടർ മെഡലിനും കൂടി ഈ വർഷത്തെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ചു.

സൂക്ഷ്മ തന്മാത്രകൾ പരസ്പരം കൂട്ടിച്ചേർത്ത് ഒന്നാക്കുന്ന ക്ലിക് രാസപ്രക്രിയ വൈദ്യശാസ്ത്രരംഗത്തും പരിസ്ഥിതി രംഗത്തും വിപ്ലവം സൃഷ്ടിക്കും. പല രസതന്ത്ര പ്രക്രിയകളിലൂടെ ഉണ്ടാകുന്ന ബൈപ്രോഡക്ടുകളാണ് പലപ്പോഴും ശരീരത്തിലും പ്രകൃതിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് (അയോണുകളും റാഡിയ്ക്കലുകളും). ഈ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ക്ലിക് കെമിസ്ട്രിയ്ക്ക് കഴിയും. ഇതിലൂടെ മരുന്നുല്പാദന രംഗത്ത് അഭൂതപൂർവ്വമായ കുതിച്ചുചാട്ടം ഉണ്ടാകും. നാനോ ടെക്നോളജിയും ജനറ്റിക് എഞ്ചിനീയറിങ്ങും കൃത്രിമ ബുദ്ധിയും ചേർന്ന് മോളിക്യൂലാർ കാർ ഉല്പാദിപ്പിച്ചത് വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു വിപ്ലവമാണ് (ഇതിനും നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്). ക്ലിക് കെമിസ്ട്രി കൂടി ചേരുമ്പോൾ അവിശ്വസനീയമായ മാറ്റങ്ങൾക്കാണ് വഴി ഒരുങ്ങുന്നത്. രോഗ നിർണ്ണയ രംഗത്ത് നിലവിലുള്ള വലിയ യന്ത്രസംവിധാനങ്ങളൊക്കെ വഴിമാറുകയാണ്.

ജ്ഞാനസമ്പദ് വ്യവസ്ഥയിലെ വൈദ്യശാസ്ത്രമേഖല അനിർവ്വചനീയമായ മാറ്റങ്ങളിലൂടെ കടന്നു പോകും. അതിന് പാശ്ചാത്തലമൊരുക്കുന്ന ഗവേഷണങ്ങൾ ഹ്യൂമൺ ജീനോം പ്രോജക്ടിലൂടെയും വളർന്നു വരുന്നുണ്ട്. മനുഷ്യശരീരത്തെ സമഗ്രമായി കണ്ടുകൊണ്ടുതന്നെ വേണം ചികിത്സിക്കുവാൻ എന്ന പരമ്പരാഗത നിഗമനത്തിലേക്ക് ആധുനിക ഗവേഷണങ്ങൾ എത്തുന്നു എന്നതിന്റെ ശുഭസൂചനകളാണ് ഇതെല്ലാം.

രസതന്ത്രത്തിന്റെ ഗവേഷണം വൻ പ്രതീക്ഷകൾ നൽകികൊണ്ട് അതിസൂക്ഷ്മതയിലേക്ക് നിങ്ങി കൊണ്ടിരിക്കുകയാണ്. എല്ലാം മനുഷ്യരാശിയുടെ നന്മക്കുവേണ്ടി മാത്രം ഉപയോഗിക്കുവാനുള്ള സാമൂഹിക രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ഇതേ സൂക്ഷ്മതയിൽ വളരണം. എല്ലാ അന്വേഷണങ്ങളും പ്രകൃതിയുടെ സൂക്ഷ്മതയിലേയ്ക്കുള്ള സർഗ്ഗ പ്രയാണമാണ്. അവിടെ നിഷ്കളങ്ക മായ സ്നേഹവും പ്രകാശമയമായ സമത്വവും മാത്രമേയുള്ളൂ. അന്വേഷണങ്ങളുടെ സൂക്ഷ്മതയും പ്രയോഗങ്ങളുടെ വിശാലതയും മാനവികതയുടെ വികാസത്തിന് പ്രയോജനപ്പെടട്ടെ.