റഷ്യൻ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; എട്ട്‌ മരണം, അക്രമി 18 വയസ്സുള്ള വിദ്യാർത്ഥി

റഷ്യയിലെ പേം സർവകലാശാല ക്യാമ്പസിലുണ്ടായ വെടിവയ്‌പിൽ എട്ട്‌ മരണം. ഇന്ന്‌ ഉച്ചയോടെ ക്യാമ്പസിലെത്തിയ ആയുധധാരിയായ അജ്ഞാതൻ ആളുകൾക്ക്‌ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്‌ അധികൃതർ അറിയിച്ചു. 28 പേർക്കു പരുക്കേറ്റു. പൊലീസ് എത്തി അക്രമിയെ കീഴടക്കി. ഇതേ സർവകലാശാലയിലെ പതിനെട്ടുകാരനായ വിദ്യാർത്ഥിയാണ് ആക്രമി എന്ന് പ്രാഥമിക റിപ്പോട്ടുകൾ സ്ഥിരീകരിക്കുന്നു. രാവിലെ 11ന് ക്യാംപസിൽ നായാട്ട് റൈഫിളുമായി എത്തിയാണു വെടിയുതിർത്തത്. ബർ, പ്ലാസ്റ്റിക് ബുള്ളറ്റുകൾ പ്രയോഗിക്കാൻ മാത്രമുള്ള തോക്കാണ് അക്രമി ഉപയോഗിച്ചതെന്നു സർവകലാശാല വക്താവ് അറിയിച്ചു. എന്നാൽ ഇത്തരം തോക്കുകൾ വെടിയുണ്ട ഉപയോഗിക്കാവുന്ന വിധം പരിഷ്കരിക്കാൻ കഴിയും.ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നും എടുത്തുചാടുന്നതിന്റേയും ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.