ഇലോൺ മസ്ക്‌ ട്വിറ്റർ ഏറ്റെടുത്തു; തലപ്പത്ത് വൻ അഴിച്ചുപണി

ആറുമാസം നീണ്ട തർക്കത്തിനൊടുവിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത്‌ ടെസ്‌ല മേധാവി ഇലോൺ മസ്ക്‌. 4400 കോടി ഡോളറിന്റെ കരാർ വ്യാഴാഴ്ച പൂർത്തിയാക്കി. പിന്നാലെ ഇന്ത്യൻ വംശജരായ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ പരാഗ്‌ അഗ്രവാൾ, നയമേധാവി വിജയ ഗഡ്ഡെ തുടങ്ങി കമ്പനി തലപ്പത്തെ പ്രധാനികളെ പുറത്താക്കി.ട്വിറ്റർ തലപ്പത്ത്‌ ഇടത്‌ ചായ്‌വുള്ളവരാണെന്ന് ഇവരെ ലക്ഷ്യംവച്ച് ആരോപണം ഉന്നയിച്ചിരുന്നു.

പത്തുകോടി ഡോളർ (ഏകദേശം 823.31 കോടി രൂപ) നഷ്ടപരിഹാരം നൽകിയാണ്‌ ഇവരെ പിരിച്ചുവിട്ടത്‌. അഞ്ചുകോടി പരാഗ്‌ അഗ്രവാളിനാണ്‌. വിജയ ഗഡ്ഡെയ്ക്ക്‌ 1.7ഉം കോടി ഡോളർ ലഭിക്കും. പരാഗ്‌ അഗ്രവാളിനെതിരെ ആരോപണം ഉന്നയിച്ച് കമ്പനി വാങ്ങാനുള്ള കരാറിൽനിന്ന്‌ പിന്മാറാൻ മസ്ക്‌ ശ്രമിച്ചിരുന്നു. മസ്കിനെതിരെ കോടതിയെ സമീപിച്ചതും പരാഗാണ്‌.

ക്യാപിറ്റോൾ ആക്രമണത്തിനുപിന്നാലെ ഡോണൾഡ്‌ ട്രംപിന്റെ അക്കൗണ്ട്‌ റദ്ദാക്കിയ ധീരമായ തീരുമാനം എടുത്തത് ട്വിറ്റര്‍ നയമേധാവിയായ ഇന്ത്യന്‍ വംശജ വിജയ ഗഡ്ഡെയാണ്. ഇന്ത്യക്കാരായ തീവ്ര വലത്‌ ട്വിറ്റര്‍ ഉപയോക്താക്കള്‍ വിജയയുടെ പുറത്താകലിനെ ആഘോഷിക്കുകയാണ്. 2018ൽ ഇന്ത്യാ സന്ദർശന വേളയിൽ ട്വിറ്റർ സ്ഥാപകൻ ജാക്ക്‌ ഡോർസേയ്ക്കൊപ്പം ‘സ്മാഷ്‌ ബ്രാഹ്മണിക്കൽ പാട്രിയാർക്കി’ എന്ന പോസ്‌റ്ററുമായി ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തതോടെയാണ്‌ വിജയ തീവ്രഹിന്ദുത്വവാദികളുടെ അപ്രീതിക്ക്‌ പാത്രമായത്‌. വന്‍തുക നഷ്ടപരിഹാരം നല്കിയാണ് ഇവരെ മസ്ക് പുറത്താക്കുന്നത്.