ഉക്രെയ്‍നിലെ സെെനിക ഫാക്ടറിയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ഉക്രെയ്‍നിലെ സെെനിക ഫാക്ടറിയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഉക്രെയ്ന്‍ നാഷണല്‍ ഗാര്‍ഡ് സെെനികനാണ് സ്വന്തം സര്‍വീസ് തോക്കുകൊണ്ട് വെടിയുതിര്‍ത്തത്. സംഭവത്തിനുശേഷം ഫാക്ടറിയിൽനിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടി. പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല.
തലസ്ഥാനമായ കീവില്‍ നിന്ന് 400 കിമീ അകലെയുള്ള ദ്നിപ്രോയിലെ പിവ്ദെൻമാഷ് മിസൈൽ ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാവലിനുള്ള ഷിഫ്റ്റ് മാറുന്ന സമയത്താണ് യന്ത്രത്തോക്കുപയോഗിച്ച് 21 കാരനായ സൈനികൻ വെടിയുതിർത്തത്. പത്തുപേരെ വെടിവെച്ചുവീഴ്ത്തിയതിന് പിന്നാലെ ഇയാൾ തോക്കുമായി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നഗരത്തിൽനിന്ന് ഇയാളെ പിടികൂടിയത്.

അധിനിവേശ ഭീഷണിയുമായി റഷ്യ ഉക്രെയ്ൻ അതിർത്തിയിൽ സെെനിക വിന്യാസം നടത്തുകയും നാറ്റോ സഖ്യസേന ബദൽനീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സൈനികൻ തന്നെ കൂട്ടക്കൊല നടത്തിയ സംഭവമുണ്ടായത്