പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 78 -കാരനായ അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്നു, 2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റായിരുന്നു. 1943 ആഗസ്റ്റ് 11 ഡല്‍ഹിയിലാണ് മുഷറഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്‌കൂളില്‍ പൂര്‍ത്തീകരിച്ചു. ലാഹോറിലെ ഫോര്‍മാന്‍ കോളജിലായിരുന്നു ഉന്നതവിദ്യാഭ്യാസം. 1961 ഏപ്രില്‍ 19നാണ് പാകിസ്താന്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്. സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.1998ലാണ് ജനറല്‍ റാങ്കിലേക്ക് ഉയര്‍ന്നത്. പിന്നീട് പാകിസ്ഥാന്‍ സൈനികമേധാവിയായി.
പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി.2007 ൽ പാക്കിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാക്കിസ്ഥാനിൽ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വിദേശത്തേക്ക് കടന്നത്.






