വിശുദ്ധ റമദാനിലും അന്ത്യമില്ലാതെ ക്രൂരതകൾ; ഗാസയിൽ വിശപ്പടക്കാൻ കാത്തുനിന്ന 11 പേരെ കൊന്നു

ലോകത്തിലെ ഇസ്ലാം മത വിശ്വാസികൾ വിശുദ്ധ റമദാൻ വ്രതത്തിന്റെ നാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസ കൊടും പട്ടിണിയിലാണ്.
”എങ്ങും ചോരയുടെ ഗന്ധം മാത്രം, നോമ്പ് തുറക്കാന്‍ പോലും ഭക്ഷണമില്ല”- ഒരു ഗാസ നിവാസി അന്താരാഷ്ട്ര മാധ്യമത്തോട് നടത്തിയ പ്രതികരണമാണിത്. ഗാസയിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത ഭക്ഷണപ്പൊതിക്കായി കാത്തുനിന്ന 11 പേരെ ഇസ്രയേൽ കൊന്നൊടുക്കിയതായാണ്. ഭക്ഷണപ്പൊതികൾക്കായി കാത്തുനിൽക്കവേ ഇസ്രയേലി ടാങ്കുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ 25 ഓളം പേരെ അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇതോടെ ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക്‌ നേരെ നടത്തിയ കൂട്ടക്കുരുതികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആയി. ഇസ്രയേൽ ഇതുവരെ കൊന്നാടുക്കിയവരുടെ എണ്ണം 31,184 കവിഞ്ഞു.

പട്ടിണി രൂക്ഷമായ ഘട്ടത്തിലാണ്‌ ഗാസയിൽ തിങ്കളാഴ്‌ചയാണ് റംസാൻ വ്രതം ആരംഭിച്ചത്‌. തകർക്കപ്പെട്ട പള്ളികളുടെയും കെട്ടിടങ്ങളുടെയും മുന്നിൽ പ്രാർഥനകൾ നടന്നു. വടക്കൻ ഗാസയിൽ 2000 ആരോഗ്യപ്രവർത്തകർ കടുത്ത പട്ടിണി നേരിടുകയാണ്‌.ഗാസയില്‍ റംസാന്‍ വ്രതം ആരംഭിച്ച ചൊവ്വാഴ്ച പോലും ഗാസയില്‍ രണ്ടിലധികം കുട്ടികള്‍ പട്ടിണി മൂലം മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുട്ടികളുടെ മരണകാരണമെന്നാണ് നോര്‍ത്ത് ഗാസയിലെ കമാല്‍ അഡ്വാന്‍ ആശുപത്രിയിലെ അധികൃതര്‍ നല്‍കുന്ന പ്രതികരണം. ഗാസയില്‍ ഇതുവരെ 27 കുട്ടികള്‍ ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

റമദാന്‍ ആരംഭിക്കുമ്പോള്‍ ‘ഗാസയില്‍ വിശപ്പ്’ എന്ന ഒരു വികാരം മാത്രമാണ് നിലനില്‍ക്കുന്നത് എന്നാണ് പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരിതാശ്വാസത്തിന് പിന്തുണ നല്‍കുന്ന യുഎന്‍ ഏജന്‍സി യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.