ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ 51 ദിവസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ തിരിച്ചെത്തി. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ജനങ്ങള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതോടെയാണ് ഗോതബയ രാജ്യം വിട്ടത്. ഗോതബയ ഇന്നലെ രാത്രിയാണ് കൊളംബോ വിമാനത്താവളത്തിലിറങ്ങിയത്.കനത്ത സുരക്ഷയിലായിരുന്നു മടങ്ങി വരവെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.അദ്ദേഹത്തെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു.സഹോദരന്‍ മഹീന്ദ രാജപക്‌സേ താമസിച്ചിരുന്ന കൊളംബോയിലെ വിജേരാമ മാവതയ്ക്ക് സമീപമുള്ള സംസ്ഥാന ബംഗ്ലാവിലാണ് ഗോതബയ ഇപ്പോഴുള്ളത്. ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ കൊളംബോ തെരുവിലിറങ്ങി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫിസുകളും പിടിച്ചടക്കിയതിന് പിന്നാലെയാണ് ജൂലൈ 13 നു ശ്രീലങ്കയില്‍നിന്ന് ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തില്‍ ഗോതബയ മാലിദ്വീപിലേക്കു പലായനം ചെയ്തത്. ഒരു ദിവസത്തിനുശേഷം സിംഗപ്പൂരിലേക്കു പോയി. തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ് കൊണ്ടുള്ള രാജിക്കത്ത് ഇമെയില്‍ മുഖേനെ പാര്‍ലമെന്റ് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.
മാലദ്വീപിൽ നിന്നും മെഡിക്കൽ വിസയിൽ സിങ്കപ്പൂരിലെത്തിയ ഗോതബായ രണ്ട് തവണ വിസ നീട്ടുകയും ചെയ്തു. മൂന്നാമതും വിസ നീട്ടാൻ സിങ്കപ്പൂർ സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് രജപക്സേ ശ്രീലങ്കയിലേക്ക് മടങ്ങിയെത്തിയത്. യുഎസ്സിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അമേരിക്കയിലുള്ള രാജപക്സെയുടെ അഭിഭാഷകർ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷാ നടപടികൾ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിട്ടുണ്ട്.






