ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ മരിച്ചോ? അന്വേഷണം ആരംഭിച്ച് ഇസ്രായേൽ

ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി അന്വേഷണം ഇസ്രായേൽ ശക്തമാക്കിയതായി അൽ ജസീറ റിപ്പോട്ട് ചെയ്യുന്നു. ഗാസയില്‍ ഈയടുത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍, ഹാരെറ്റ്‌സ്, മാരിവ്, വാല തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍, ഐഡിഎഫ് മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് എന്നിവ അവകാശപ്പെട്ടു. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

അതെ സമയം സിന്‍വാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റ് അഭിപ്രായപ്പെട്ടത്. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിന് ശേഷം ഗാസയിലെ തുരങ്കങ്ങളിലാണ് സിന്‍വാര്‍ ഒളിവില്‍ കഴിയുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിന്‍വാര്‍ മരിച്ചെന്ന അഭ്യുഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും സുരക്ഷാ സേനയെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ആണ് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ചുമതല യഹിയ സിൻവാറിന് കൈമാറിയത്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളാണ് ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള യഹിയ സിൻവാർ. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതിയിൽ നിലനിൽക്കെ, കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേൽക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേൽ ഉൾപ്പെടെ നിരീക്ഷിച്ചു പോന്നിരുന്നത്.