ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേർ കൊല്ലപ്പെടുകയും 2750 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എൻ ബി സി ന്യൂസ് റിപ്പോട്ട് ചെയ്യുന്നു. നൂറോളം ആശുപത്രികളില്‍ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്ന നിലയിലാണ്. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ലബനീസ് സർക്കാർ ആരോപിച്ചു. ഹിസ്ബുള്ളയുടെ പുതിയ പേജറുകളുടെ ലിഥിയം ബാറ്ററികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ലെബനൻ പരമാധികാരത്തിന്റെ ലംഘനമായാണ് സ്ഫോടനത്തെ കാണുന്നതെന്നും സർക്കാർ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നുണ്ട്. പരുക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. അതെ സമയം സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാൻ ഇസ്രയേല്‍ സർക്കാരോ സൈന്യമോ തയാറായിട്ടില്ല.
ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. ലെബനീസ് പാർലമെന്റിലെ ഹിസ്‌ബുള്ള അംഗത്തിന്റെ മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ലെബനനിലെ ഇറാൻ അംബാസഡറായ മൊജ്‌താബ അമാനിക്ക് പരുക്കേറ്റിട്ടുണ്ട്. നിലവില്‍ അമാനി നിരീക്ഷണത്തിലാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലെന്നും റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.






