ബ്രിട്ടനിൽ ഭരണപ്രതിസന്ധി തുടരുന്നു; രാജി വെക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

രാജി വെക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ നയം വ്യക്തമാക്കിയത്.ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു ജോണ്‍സണ്‍ തന്റെ നിലപാട് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവില്‍ മാത്രം ആവശ്യപ്പെടുന്ന കാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.”ഞാന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ല. തുറന്ന് പറയുകയാണെങ്കില്‍, രാജ്യം ഏറ്റവുമവസാനം മാത്രം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു തെരഞ്ഞെടുപ്പ്,” ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജി വെക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ പിന്നീട് രാജ്യത്തോട് മാപ്പു പറഞ്ഞെങ്കിലും സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തെ തുടർന്ന് ക്രിസ് പിഞ്ചറെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് ക്ഷമാപണവും നടത്തിയിട്ടും വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജിവച്ചതും ബോറിസ് ജോൺസണ് തിരിച്ചടിയായിരിക്കുകയാണ്.ധനകാര്യ മന്ത്രിയും ആരോ​ഗ്യമന്ത്രിയുമാണ് രാജിവച്ചത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കാണ് രാജി സമർപ്പിച്ചത്. ആരോ​ഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു.