ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ 17 ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാർ. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട എംഎസ്സി ഏരീസ് കണ്ടെയ്നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. 17 ഇന്ത്യക്കാരിൽ 2 മലയാളികളും ഉൾപ്പെടുന്നുണ്ട്.
അതെ സമയം കപ്പലിൽ അകപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇസ്രായേലിനെതിരെ ആക്രമണമുണ്ടാകുമെന്ന ഇറാൻറെ മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവവികാസം. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






