ഹമാസ് രാഷ്ട്രീയകാര്യ തലവനും പലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഹമാസ് നേതാവിനെ വകവരുത്തിയത് ഇസ്രയേലാണന്ന ആക്ഷേപം നിലനില്‍ക്കെ തിരിച്ചടിക്ക് ഒരുങ്ങുന്നു എന്ന ഇറാന്റെ പ്രഖ്യാപനം വീണ്ടും പശ്ചിമേഷ്യയെ കലുഷിതമാക്കാൻ പോന്നത് ആണ്. തങ്ങളുടെ രാജ്യതലസ്ഥാനത്ത് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുന്ന ഇറാന്റെ കടമയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബുധനാഴ്ച പറഞ്ഞു. ‘കഠിനമായ ശിക്ഷ’ ലഭിക്കേണ്ട തെറ്റാണ് ഇസ്രയേല്‍ ചെയ്തിരിക്കുന്നത് എന്നാണു അലി ഖമേനി പറഞ്ഞത്.
ഹനിയയുടെ മരണം ഹമാസും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ വീട്ടില്‍ സയണിസ്റ്റുകള്‍ നടത്തിയ വഞ്ചനാപരമായ റെയ്ഡില്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ. അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇറാന്‍ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇസ്മായില്‍ ഹനിയയുടെ മരണത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
ടെഹ്റാനിലെ വസതിയിൽ വച്ചാണ് ഹനിയ കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു.
2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ ഹനിയയാണ് പ്രധാനമന്ത്രിയായത്. 2023 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായിരുന്നു.






