ഐ എസ് ഐ എസ് തലവനെ വധിച്ചതായി അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐഎസിന്റെ നിലവിലെ തലവനായ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അല്‍-ഖുറൈഷി കൊല്ലപ്പെട്ടത്. ”നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള്‍ ഐഎസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചിരിക്കുന്നു,”. ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
“ഇന്നലെ രാത്രി എന്റെ നിർദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറൻ സിറിയയിലെ യുഎസ് സൈനിക സേന അമേരിക്കൻ ജനതയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനും ലോകത്തെ സുരക്ഷിതമായ സ്ഥലമാക്കുന്നതിനുമായി ഒരു ഭീകരവിരുദ്ധ പ്രവർത്തനം വിജയകരമായി നടത്തി,” ബൈഡൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. തുർക്കി അതിർത്തിക്കടുത്തുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ജനസാന്ദ്രതയേറിയ നഗരമായ അത്മേയിൽ രാത്രിയോടെ നടന്ന ഓപ്പറേഷനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 13 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്.
യുഎസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. 2019-ല്‍ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്.






