ബം​ഗ്ലാദേശ് സംഘർഷഭരിതം, ഇസ്കോൺ സംഘടനയെ നിരോധിക്കണമെന്ന് സർക്കാർ കോടതിയിൽ

ഇസ്കോൺ അഥവാ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് എന്ന ഹിന്ദു സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ ബംഗ്ലാദേശ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. ഇസ്‌കോൺ ഒരു മത മൗലികവാദ സംഘടന ആണെന്നും ഇതിനെ നിരോധക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ആണ് സർക്കാരിന്റെ നീക്കം.

ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയതിന്റെ പേരിൽ ആണ് ചിൻമോയ് കൃഷ്ണയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്. ഇതേ അറസ്റ്റിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തുടനീളമുണ്ടായത്. ചിൻമോയ് കൃഷ്ണയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റഗോങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് കോടതി വളപ്പിൽ തടിച്ചുകൂടിയത്. ഇന്നലെ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഹിന്ദു സന്യാസിയുടെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അസിസ്റ്റന്റ്‌ പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം കൊല്ലപ്പെട്ടു. എന്നാൽ ഏതെങ്കിലും സമുദായത്തിന്റെ നേതാവെന്ന നിലയിലല്ല, രാജ്യദ്രോഹ കുറ്റത്തിനാണ് ദാസിനെ അറസ്റ്റ് ചെയ്തതെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി.

ഇസ്‌കോൺ സംബന്ധിച്ച സർക്കാർ നിലപാടും രാജ്യത്തെ മൊത്തത്തിലുള്ള ക്രമസമാധാന നിലയും വ്യാഴാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യാൻ അറ്റോർണി ജനറലിനോട് ഹൈക്കോടതി നിർദേശിച്ചു. ക്രമസമാധാന നില തകരുന്നത് തടയണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.