‘പുതിയ ഭരണകൂടത്തെ എത്രയും വേഗം ജനങ്ങൾ വിലയിരുത്തണം’; ജപ്പാനിൽ 27-ന് പാർലമെന്റ് തിരഞ്ഞെടുപ്പ്

ജപ്പാനിൽ 27ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന്‌ ഭരണകക്ഷിയും ലിബറൽ ഡെമോക്രാറ്റ് പാർടി (എൽഡിപി) നേതാവുമായ ഷിഗേറു ഇഷിബ. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണ്‌ ഇഷിബയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്‌. ഇഷിബ പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ല. ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നാണ്‌ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്‌.

‘പുതിയ ഭരണകൂടത്തെ എത്രയും വേഗം ജനങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്,’ ഇഷിബ തെരഞ്ഞെടുപ്പ് പ്രഖ്‌ഹ്യപിച്ച് കൊണ്ട് ഇഷിബ പറഞ്ഞു. യൂറോപ്യൻ സൈനികസഖ്യമായ നാറ്റോയുടെ സമാനപതിപ്പ് ഏഷ്യയിലും വേണമെന്നാണ് മുൻപ്രതിരോധമന്ത്രികൂടിയായ ഇഷിബയുടെ നിലപാട്. ബാങ്കിങ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇഷിബ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. എന്നാൽ സ്വന്തം പാർട്ടിയെ തന്നെ വിമർശിച്ച് അദ്ദേഹം പല തവണ വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ന്യൂക്ലിയർ എനർജിയെ ആശ്രയിക്കുന്നത് ഉൾപ്പെടെയുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നിരവധി നയങ്ങളെ ഇഷിബ വിമർശിച്ചത് വലിയ ചർച്ചയായിട്ടുണ്ട്.

അഴിമതിയാരോപണങ്ങളെത്തുടർന്ന് പാർട്ടിക്കുള്ളിൽ ഭിന്നത രൂപപ്പെട്ടതോടെയാണ് വീണ്ടും മത്സരിക്കാനില്ലെന്ന് കിഷിദ തീരുമാനിച്ചത്. 2021ലാണ് കിഷിദ ജപ്പാന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. വിവാദമായ യൂണിഫിക്കേഷൻ ചർച്ചുമായി ഭരണകക്ഷിയായ എൽഡിപിയുടെ ബന്ധം പുറത്തുവന്നതോടെയാണ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായത്. അഴിമതി ആരോപണങ്ങളും വിവാദങ്ങളും തുടർച്ചയായി ഉയർന്നുവന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജി വെച്ചത്.