കാനഡയില്‍ വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

കാനഡയില്‍ വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.പൊതു തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷെ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 170 സീറ്റുകളാണ് ലഭിക്കേണ്ടത്. എന്നാല്‍ അത് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് ആയില്ലെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ജസ്റ്റിൻ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 158 സീറ്റുകളാണ് ലഭിച്ചത്. 119 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് കാലഘട്ടത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാം എന്ന പ്രതീക്ഷയില്‍ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേ ഫലങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.