2024ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സാഹിത്യ നൊബേൽ ആണ് ഹാൻ കാങ്ങിന്റേത്. 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങ്ങിന്റെ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് ലഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അന്ന് ബുക്കര്‍ പുരസ്‌കാരം ദക്ഷിണകൊറിയയിലേയ്ക്ക് എത്തിയത്.
ഗ്വാങ്ജു നഗരത്തില്‍ 1970 നവംബർ 27 – നു ജനിച്ച ഹാൻ ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളാണ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യത്തെ കുറിച്ച് പഠിച്ചു. 1993 ല്‍ ലിറ്ററേച്ചര്‍ ആന്റ് സൊസൈാറ്റിയുടെ വിന്റര്‍ ലക്കത്തില്‍ വന്ന 5 കവിതകളാണ് പ്രസിദ്ധീകൃതമായ ഹാങിന്റെ ആദ്യ സൃഷ്ടി.ആദ്യ സമാഹാരം 1995ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദ ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികള്‍.
ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള എഴുത്തിനാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. “ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഹാൻ കാങ്ങിന് അവബോധം ഉണ്ട്. അവരുടെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ രചനാ ശൈലി സമകാലീന ഗദ്യത്തിലെ പുതുമയാണ്” – നൊബേൽ പുരസ്കാര സമിതി അറിയിച്ചു.






