ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക് ബുക്കര്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെ സംബന്ധിച്ചുള്ളതാണ് ഈ നോവല്‍. 50,000 പൗണ്ടാണു സമ്മാനത്തുക. തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. 2010ല്‍ പുറത്തിറങ്ങിയ ‘ചൈനമാന്‍: ദ് ലജന്‍ഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവല്‍.

1975-ല്‍ ജനിച്ച ശ്രീലങ്കന്‍ എഴുത്തുകാരനായ ഷെഹാന്‍ കരുണതിലകെ കഴിഞ്ഞ ഇരുപതുകൊല്ലമായി പരസ്യവാചകങ്ങള്‍ തൊഴിലാക്കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ എഴുത്ത് ആദ്യം ശ്രദ്ധിക്കപ്പെടുന്നത് 2000-ല്‍ ശ്രീലങ്കയിലെ സമുന്നത സാഹിത്യസമ്മാനമായ ഗ്രെഷ്യന്‍ പ്രൈസിന് പരിഗണിക്കപ്പെട്ടപ്പോഴാണ്. ദി പെയിന്റര്‍ എന്ന ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.