ഇന്ത്യയോട് കൂടുതൽ അടുക്കാനുള്ള ശ്രമങ്ങള് തുടർന്ന് ദ്വീപ് രാഷ്ട്രമായ മാലിദ്വീപ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷിബന്ധവും മുൻപുള്ളതുപോലെ ദൃഢമാക്കണമെന്നാണ് മാലിദ്വീപ് ഭരണാധികാരികൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.ഇത് ചൈനയ്ക്ക് മേൽ ഇന്ത്യ നേടുന്ന നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
വിദേശകാര്യ മന്ത്രി ജയശങ്കര്‍ കഴിഞ്ഞദിവസമാണ് മാലദ്വീപ് സന്ദര്‍ശനം അവസാനിപ്പിച്ച് തിരികെയെത്തിയത്. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവെച്ചു. കൂടാതെ ആറ് ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്റ്റുകളും (എച്ച്‌ഐസിഡിപി) ഉദ്ഘാടനം ചെയ്തു. മാലദ്വീപിലെ 28 ദ്വീപുകളിൽ ജല, മലിനജല ശൃംഖലയുടെ സഹായ പദ്ധതിയായ ‘ലൈൻ ഓഫ് ക്രഡിറ്റ്’ പ്രസിഡന്റ് മുഹമ്മദ് മൂയിസുവിന്റെ സാന്നിദ്ധ്യത്തിൽ എസ് ജയ്ശങ്കറും മാലദ്വീപ് വിദേശകാര്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 28 ദ്വീപിലെയും വികസന പ്രവർത്തനങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകും.28 ദ്വീപുകളിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയോട് പ്രസിഡന്റ് മുയിസു അഭ്യർത്ഥിക്കുകയും ഇന്ത്യ അതിന് സമ്മതം അറിയിക്കുകയുമായിരുന്നു.
ഇന്ത്യയില്‍ 1,000 മാലിദ്വീപ് സര്‍ക്കാര്‍ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളും മാലിദ്വീപില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറുകളും ഒപ്പിട്ടവയില്‍ ഉള്‍പ്പെടുന്നു. മാനസികാരോഗ്യം, പ്രത്യേക വിദ്യാഭ്യാസം, സ്പീച്ച് തെറാപ്പി, തെരുവ് വിളക്കുകള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആറ് എച്ച്‌ഐസിഡിപികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.






