യു കെയിലെ പ്രസിദ്ധമായ കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തിരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ ഈസ്റ്റര്‍ 2025 ടേമിലേക്ക് 20-കാരിയായ അനൗഷ്‌ക തെരഞ്ഞെടുക്കപ്പെട്ടത്. 1815-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ രൂപീകൃതമായ കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റി, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും പ്രശതമായതുമായ സംവാദ കൂട്ടായ്മ ആണ്.
യു.എസ്. മുന്‍പ്രസിഡന്റുമാരായ തിയോഡോര്‍ റൂസ്‌വെല്‍റ്റ്, റൊണാള്‍ഡ് റീഗന്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായ സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ്, ദലൈലാമ,ഫ്രാൻസിസ് മാർപ്പാപ്പ യു.കെ. പ്രൈംമിനിസ്റ്റര്‍മാരായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് താച്ചർ, തുടങ്ങി ദേശീയ, അന്തര്‍ദേശീയ, സാംസ്‌കാരിക, സാമൂഹിക, ശാസ്ത്ര രംഗത്തെ പ്രമുഖരെ കൊണ്ടുവന്ന് ദീര്‍ഘവും വിപുലവുമായ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം നല്‍കിയിട്ടുണ് കേംബ്രിഡ്ജ് യൂണിയന്‍. തത്വചിന്തകനും ഇക്കണോമിസ്റ്റുമായ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സ്, നോവലിസ്റ്റ് റോബര്‍ട്ട് ഹാരിസ്, പ്രമുഖര്‍ ഇരുന്നിട്ടുള്ള സ്ഥാനത്തേക്കാണ് അനൗഷ്‌ക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
യൂണിയൻ്റെ ഡിബേറ്റ്സ് ഓഫീസർ എന്ന നിലയിൽ ആണ് അനൗഷ്ക തന്റെ നേതൃപാടവം ആദ്യം തെളിയിക്കുന്നത്. ഈ വേളയിൽ ധാരാളം അന്താരാഷ്ട്ര ആഗോള സംവാദങ്ങൾ പ്രഗത്ഭരെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കാൻ അവർക്ക് സാധിച്ചു.സിഡ്‌നി സസ്സെക്‌സ് കോളേജിലെ ഇംഗ്ലീഷ് ഭാഷാ വിദ്യാർത്ഥിനി ആണ് അനൗഷ്‌ക. യൂണിയന്റെ നേതൃനിരയിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുന്ന യൂണിയന് വേണ്ടി മാറ്റങ്ങള്‍ക്കായി ശ്രമിക്കുമെന്നും അനൗഷ്‌ക പറഞ്ഞു. ഇന്ത്യ സൊസൈറ്റി അടക്കമുള്ള ആഗോള സൊസൈറ്റികളുടെ പങ്കാളിത്തവും ഭാവിയില്‍ തങ്ങളുടെ ചര്‍ച്ചാവേദിയിലേക്ക് കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.