ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജി പ്രഖ്യാപിച്ചു

ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജി പ്രഖ്യാപിച്ചു. അഞ്ചര വർഷം ഭരണത്തിലിരുന്ന ശേഷമാണ് രാജി. ഫെബ്രുവരി ഏഴിന്‌ പ്രധാനമന്ത്രിപദത്തിൽ തന്റെ അവസാന ദിനമായിരിക്കുമെന്ന്‌ നേപിയറിൽ അവർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.തീരുമാനത്തിന്‌ കൃത്യമായ കാരണങ്ങളൊന്നും ജസിൻഡ നൽകിയിട്ടില്ല. പ്രധാനമന്ത്രിപദം വെല്ലുവിളി നിറഞ്ഞതാണെന്നും അതിനോട്‌ ഇനി നീതി പുലർത്താനാകില്ലെന്നും മാത്രമാണ്‌ വിശദീകരണം.

കൃത്യമായ പ്രതിരോധം തീർത്ത്‌ 18 മാസക്കാലം കോവിഡ്‌ മഹാമാരിയെ രാജ്യത്ത്‌ പ്രവേശിപ്പിക്കാതിരിക്കാൻ ജസിൻഡയ്ക്കായി. 2019 മാർച്ചിൽ വെളുത്ത വംശജനായ അക്രമി ക്രൈസ്‌റ്റ്‌ചർച്ചിലെ രണ്ട്‌ മോസ്കുകളിലായി 51 പേരെ വെടിവച്ച്‌ കൊന്നതിനെ തുടർന്ന്‌ ജസിൻഡ നടത്തിയ ഇടപെടലുകളും ലോകമാധ്യമങ്ങളിൽ വലിയ വാർത്തയായി. 2017ൽ 37–-ാം വയസ്സിൽ അധികാരത്തിലെത്തിയ ജസിൻഡ അധികാരത്തിലിരിക്കവെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവായി. ന്യൂയോർക്കിൽ ചേർന്ന യുഎൻ പൊതുസഭായോഗത്തിൽ കൈക്കുഞ്ഞുമായെത്തിയതും ശ്രദ്ധേയമായിരുന്നു.

നാഷണൽ പാർട്ടിയാണ് ന്യൂസീലൻഡിലെ പ്രധാന പ്രതിപക്ഷം. ഫെബ്രുവരി ഏഴിന് ന്യൂസീലൻഡിൽ പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും. ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പും നടക്കും.