തെഹ്‌രിക്‌ ഇ താലിബാൻ നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു

ഭീകരസംഘടനയായ തെഹ്‌രിക്‌ ഇ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകി അഫ്ഗാനിസ്ഥാനിലെ ബർമാൽ ജില്ലയ്ക്ക് സമീപമുള്ള കിഴക്കൻ പക്തിക പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ്‌ ഇവർ സഞ്ചരിച്ച കാർ തകർന്നത്‌. മുഫ്തി ഹസൻ, ഹാഫിസ് ദൗലത്ത് ഖാൻ എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ്‌ കൊല്ലപ്പെട്ട മറ്റ്‌ മൂന്നുപേർ. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല.

പാക്ക് സർക്കാരുമായി ടിടിപി സമാധാനചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ്‌ നേതാവിന്റെ കൊലപാതകം എന്നതും ശ്രദ്ധേയമാണ്‌. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയിൽ ഉൾപ്പെട്ട ഖൊറസാനിയുടെ വിവരങ്ങൾ നൽകുന്നവർക്ക് മൂന്ന് ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഷിയാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായും ചില റിപ്പോർട്ടുകളുണ്ട്. 2016 ലെ ഈസ്റ്റർ ഞായറാഴ്ച പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ ലഹോറിൽ ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നിൽ‌ ഖൊറസാനിയായിരുന്നു. ഈ സ്ഫോടനത്തിൽ 75 പേരാണ് കൊല്ലപ്പെട്ടത്. 2016 മാർച്ചിൽ പെഷാവറിലെ യുഎസ് കോൺസുലേറ്റിലെ രണ്ട് പാക്ക് ഉദ്യോഗസ്ഥരെ വധിച്ചതും ഖൊറസാനി സംഘം ആയിരുന്നു.