പാകിസ്ഥാൻ സർക്കാരിനെ നീക്കം ചെയ്യുന്നതിനും പാകിസ്ഥാൻ മുസ്‌ലിം ലീഗ്എൻ പ്രസിഡന്റ് ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം രൂപീകരിക്കുന്നതിനുമെതിരെ ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ കാമ്പയിൻ ആരംഭിക്കാൻ തെഹ്‌രീ-കെ- ഇൻസാഫ് (പിടിഐ) തീരുമാനിച്ചു.
“ഞങ്ങൾ പെഷവാറിൽ നിന്ന് ബുധനാഴ്ച മുതൽ രാജ്യവ്യാപക പ്രചാരണം ആരംഭിക്കാൻ പോകുകയാണ്,” പിടിഐ നേതാവും പാകിസ്ഥാൻ മുൻ ഇൻഫർമേഷൻ മന്ത്രിയുമായ ഫവാദ് ചൗധരിയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ഇമ്രാന്‍ ഖാന്‍ ബുധനാഴ്ച പെഷവാറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും ചൗധരി അറിയിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ ഇസ്ലാമാബാദ്, കറാച്ചി, പെഷവാർ, ലാഹോർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ പ്രതിപക്ഷത്തിനെതിരെ പിടിഐ വൻ റാലികൾ നടത്തി. പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന് തിങ്കളാഴ്ച ഇമ്രാൻ ഖാൻ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞു. ഇമ്രാൻ ഖാനെ പുറത്താക്കിയ പ്രമേയത്തെ അനുകൂലിച്ച് 174 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു.
അതെ സമയം ഇമ്രാന്‍ ഖാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇനിയാര് എന്ന ചോദ്യത്തിന് ഷഹബാസ് ഷെരീഫ് എന്ന പേര് നിസംശയം ഉറപ്പിക്കാം.പ്രതിപക്ഷ നിരയെ ഒന്നടങ്കം ഇമ്രാനെതിരെ തിരിച്ച ഷഹബാസ്, നാല് വര്‍ഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്റെയും മൂന്ന് തവണ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിന്റെയും അനുഭവ സമ്പത്തുമായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ 1999 ല്‍ ജനറല്‍ പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള പട്ടാള അട്ടിമറിയില്‍ സ്ഥാനമൊഴിയേണ്ടി വന്ന ഷഹബാസിനെ കുടുംബത്തോടൊപ്പം നാടുകടത്തുകയായിരുന്നു. 2007 ല്‍ തിരികെയെത്തിയതിനു ശേഷമാണ് 2008 ലും 2013 ലും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാകുന്നത്.






