പെഗാസസ് സ്പൈവെയർ വിവാദത്തിൽ പുതിയ കണ്ടെത്തലുകളുമായി വാഷിങ്ങ്ടൺ പോസ്റ്റും ആംനെസ്റ്റി ഇന്റർനാഷണലും. ഒക്ടോബറിൽ പെഗാസസ് ഇരകൾക്ക് നൽകിയ മുന്നറിയിപ്പ് തിരുത്താൻ ആപ്പിളിന് മേൽ സർക്കാർ വൃത്തങ്ങൾ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്നാണ് വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഇന്ത്യയിലിപ്പോഴും മാധ്യമപ്രവർത്തകരുടെ അടക്കം ഫോണുകളിൽ പെഗാസസ് സാന്നിധ്യമുണ്ടെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ ഉന്നത മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടതായി ആംനസ്റ്റി ഇന്റർനാഷണലും ദി വാഷിംഗ്ടൺ പോസ്റ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേലി സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് രൂപകൽപ്പന ചെയ്ത പെഗാസസ് സ്പൈവെയർ, ഒരാളുടെ ഫോൺ സന്ദേശങ്ങളിലേക്കും ഇമെയിലുകളിലേക്കും പ്രവേശനം നേടാനും ഫോട്ടോകൾ പരിശോധിക്കാനും കോളുകൾ ശ്രദ്ധിക്കാനും ലൊക്കേഷനുകൾ ട്രാക്കുചെയ്യാനും ക്യാമറ ഉപയോഗിച്ച് ഉടമയെ ചിത്രീകരിക്കാനും ആണ് ഉപയോഗിക്കുന്നത് . ഒക്ടോബർ അവസാനമാണ് പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും അടക്കം പ്രമുഖർക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശമെത്തിയത്. സർക്കാർ പിന്തുണയുള്ള ഹാക്കർമാർ ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചിട്ടുണ്ടാകമെന്നായിരുന്നു മുന്നറിയിപ്പ്. വിവരം പുറത്ത് വന്നതോടെ ശക്തമായ വിമർശനമുയർന്നു, സർക്കാർ സമ്മർദ്ദത്തിലായി. പിന്നാലെ ആപ്പിളിന്റെ വിശദീകരണമെത്തി. മുന്നറിയിപ്പ് സന്ദേശം നൂറ് ശതമാനം ശരിയാകണമെന്നില്ലെന്ന ധ്വനിയോടെയായിരുന്നു വിശദീകരണം. ഇങ്ങനെയൊരു വിശദീകരണം നൽകാൻ ആപ്പിൾ ഇന്ത്യ അധികൃതർക്ക് മേൽ സർക്കാർ വൃത്തങ്ങൾ സമ്മർദ്ദം ചെലുത്തിയെന്നാണ് വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് പറയുന്നത്. എത്രയും വേഗം മുന്നറിയിപ്പ് പിൻവലിക്കണമെന്ന് ഇന്ത്യ സർക്കാർ ആപ്പിൾ കമ്പനിയോട് ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന് ആപ്പിൾ നിലപാടെടുത്തതോടെ സർക്കാരിനുള്ള പഴി ഒഴിവാക്കുന്ന വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ കന്പനി വഴങ്ങി. ഇതിന്റെ ഫലമായിരുന്നു രണ്ടാമത്തെ വിശദീകരണ മെയിൽ എന്നാണ് വാഷിങ്ങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
ഇന്ത്യ ഉൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ പെഗാസസ് സ്പൈവെയർ വ്യാപകമായി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദി വയറിലെ മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിന്റെ (OCCRP) ആനന്ദ് മംഗ്‌നാലെ എന്നിവരുടെ ഫോണുകൾ ഇന്ത്യ ഗവണ്മെന്റ് ടാർഗറ്റ് ചെയ്തതായാണ് റിപ്പോട്ടിൽ പറയുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരിൽ പ്രദാനിയായ ആനന്ദ് മംഗനലെയുടെ ഫോണിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടത് ആദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനിടെയാണെന്ന ഗൗരവകരമായ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. അദാനിയുടെ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി അതിന്മേൽ അദാനിയുടെ തന്നെ പ്രതികരണം തേടി ഇ മെയിൽ അയച്ച് മണിക്കൂറുകൾക്കകമാണ് ഫോണിൽ പെഗാസസ് എത്തിയതെന്നാണ് കണ്ടെത്തൽ. ഇത് കേവലം യാദൃശ്ചികമായി തള്ളിക്കളയാനാവില്ലെന്ന് ആനന്ദ് തന്നെ പറയുന്നു.
പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്നോ ഇല്ലെന്നോ കേന്ദ്ര സർക്കാർ ഇത് വരെ പറഞ്ഞിട്ടില്ല. സർക്കാരുകൾക്ക് മാത്രമേ പെഗാസസ് സോഫ്റ്റ്‍വെയർ നൽകിയിട്ടുള്ളൂവെന്ന് അതിന്റെ നിർമ്മാതാക്കളായ എൻഎസ്ഒ ഗ്രൂപ്പും അവകാശപ്പെടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ കൂടുതൽ മാധ്യമപ്രവർത്തകർ പെഗാസസ് ആക്രമണത്തിന് ഇരയായെന്നും കണ്ടെത്തലുണ്ട്. ആനെസ്റ്റി ഇന്റർനാഷണലിന്റെയും ഐ വെരിഫൈ എന്ന സൈബർ സുരക്ഷ സ്ഥാപനത്തിന്റെയും സഹായത്തോടെയാണ് പുതിയ പെഗാസസ് കേസുകൾ വാഷിങ്ങ്ടൺ പോസ്റ്റ് കണ്ടെത്തിയത്. പെഗാസസിന് സമാനമായ സേവനങ്ങൾ തേടി കേന്ദ്ര സർക്കാർ കോഗ്നൈറ്റ് എന്ന ഇസ്രയേൽ കന്പനിയുടെ സോഫ്റ്റ്‍വെയർ വാങ്ങാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
അന്താരാഷ്ട്ര സ്പൈവെയർ വ്യാപാരത്തിന് ഗവൺമെന്റുകൾ ഒരു ആഗോള മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ സ്റ്റേറ്റ് സ്പോൺസർ ചെയ്ത ഹാക്കർമാരിൽ നിന്ന് മൊബൈൽ ഫോണൊന്നും സുരക്ഷിതമല്ലാത്ത ഒരു ലോകത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും പെഗാസസ് സ്പൈവയർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ എഡ്വേഡ് സ്നോഡൻ അഭിപ്രായപ്പെട്ടിരുന്നു. എൻഎസ്‌ഒ ഗ്രൂപ്പിന്റെ ക്ലയന്റുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഭരണകൂടങ്ങൾ പൗരന്മാരെ അടിച്ചമർത്തുന്നതിനും കടുത്ത നിരീക്ഷണത്തിന് വിധേയരാക്കുന്നതിനും വാണിജ്യ ചാര സോഫ്റ്റ്വെയറുകളെ ഏതുതരത്തിൽ ഉപയോഗിക്കുന്നുവെന്നത് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സ്‌നോഡൻ ചൂണ്ടിക്കാട്ടി.






