തങ്ങള്‍ നടത്തുന്ന വാര്‍ത്താ വെബ്‌സൈറ്റായ റാപ്ലര്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി വെളിപ്പെടുത്തി ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവുമായ മരിയ റെസ്സ. റാപ്ലറിന്റെ സി.ഇ.ഒയും സഹസ്ഥാപകയുമായ മരിയ റെസ്സ ചൊവ്വാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. റാപ്ലറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അമേരിക്കന്‍ മാധ്യമപ്രവർത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ രണ്ട് പതിറ്റാണ്ട് സിഎന്‍എന്നിന്റെ അന്വേഷണാത്മക മാധ്യമപ്രവർത്തകയായിരുന്നു. പിന്നീട് 2012-ൽ സഹസ്ഥാപകയായി റാപ്ലർ വെബ്‌സൈറ്റ് സ്ഥാപിച്ചു. ജനാധിപത്യ സ്ഥാപനത്തിനുവേണ്ടി പ്രവർത്തിച്ച റാപ്ലർ വ്യാജ വാർത്തകൾക്കെതിരെയും വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു.
ഫിലിപ്പീന്‍സിലെ റോഡ്രിഗോ ഡ്യുടെര്‍ടെ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഭരണരീതിയുടെ തുടര്‍ച്ചയായാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. റാപ്ലര്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷമായി നിരന്തര ശ്രമങ്ങള്‍ നടത്തുകയാണ്. വിദേശികള്‍ക്കു വേണ്ടി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് റാപ്ലര്‍ എന്നാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് പരസ്യമായി പറയുന്നത്. ഇതിനായി പണം മുടക്കുന്നത് അമേരിക്കന്‍ മുതലാളിമാരാണ് എന്നും അദ്ദേഹം ആരോപിച്ചു. രാജ്യദ്രോഹ കുറ്റമാണ് റാപ്പ്ലർ സി ഇ ഓ മരിയ ചെയ്യുന്നതെന്നും പ്രസിഡന്റ് പല വട്ടം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മരിയയുടെ മാധ്യമ സ്ഥാപനം അടച്ചുപൂട്ടാനാണ് പിന്നീട് ശ്രമങ്ങള്‍ നടന്നത്. മരിയ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് നിരന്തരം ഇന്‍കം ടാക്‌സ് റെയ്ഡുകള്‍ നടത്തി. എല്ലാ രേഖകളും ശരിയായിട്ടും 133 മില്യന്‍ ഫിലിപ്പീന്‍സ് പെസോ പിഴ ചുമത്തി. മരിയയുടെ സ്ഥാപനത്തിനെതിരെ സര്‍ക്കാര്‍ ഇതുവരെ 11 കേസുകളാണ് ചുമത്തിയത്. അതില്‍ ആറെണ്ണം ക്രിമനല്‍ കേസുകളാണ്. വിദേശ നിക്ഷേപ പ്രശ്‌ന പറഞ്ഞ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. എന്നാല്‍, കോടതി പിന്നീട് ഈ നടപടി പിന്‍വലിച്ചു. പല കേസുകളും കോടതി തള്ളിക്കഞ്ഞെങ്കിലും പുതിയ കേസുകള്‍ കൊണ്ടുവന്നു.






