എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍; ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി മാര്‍പ്പാപ്പ

ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും ഉയര്‍ത്തിക്കാട്ടി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സമ്മേളനത്തിലെ ആശീര്‍വാദ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഗുരുവിനെ പ്രകീർത്തിച്ചത്. ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ, എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടി. “ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ആരോടും വേര്‍തിരിവോ വിവേചനമോ ഉണ്ടാകരുതെന്ന സന്ദേശം അദ്ദേഹം നല്‍കി. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണ്’. അദ്ദേഹം പറഞ്ഞു.

നവംബര്‍ 29,30 തിയ്യതികളിലാണ് വത്തിക്കാനില്‍ സര്‍വമതസമ്മേളനം നടക്കുന്നത്. ഇറ്റാലിയന്‍ ഭാഷയിലേക്ക് തര്‍ജമചെയ്ത ഗുരുവിന്റെ കൃതിയായ ‘ദൈവദശകം’ ചൊല്ലിയാണ് ലോക മതപാര്‍ലമെന്റിന് തുടക്കംകുറിച്ചത്. ശ്രീനാരായണഗുരു ആലുവയില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിപ്രമാണിച്ചാണ് വത്തിക്കാനില്‍ ലോക മതപാര്‍ലമെന്റിന് തുടക്കംകുറിച്ചത്. ശ്രീനാരായണഗുരു ആലുവയില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിപ്രമാണിച്ചാണ് വത്തിക്കാനില്‍ ലോകമത പാര്‍ലമെന്റ് സംഘടിപ്പിച്ചത്.സർവ്വമത സമ്മേളനത്തിൽ ഇറ്റലി, അയർലൻഡ്, യുഎഇ, ബഹ്റെയ്ൻ, ഇന്തോനേഷ്യ, ഇംഗ്ലണ്ട്, യുഎസ് തുടങ്ങി പതിനഞ്ചിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.