ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി മാർട്ട ടെമിഡോ രാജിവച്ചു. രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ യുവതിക്ക് ചികിത്സ ലഭിക്കാതെ പോയത്.അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ് പോർച്ചുഗലിൽ ഉണ്ടായിരുന്നത്. അതിനിടെയാണ് വിനോദസഞ്ചാര വിസയിലെത്തിയ ഇന്ത്യൻ യുവതി മരിച്ചത്. ഈ സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
നിയോനേറ്റോളജി വിഭാഗത്തില്‍ ഒഴിവ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയെ സാന്റാ മരിയ ആശുപത്രിയില്‍നിന്ന് തലസ്ഥാനമായ ലിസ്ബണിലെ ഒരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. സാന്റാ മരിയയില്‍നിന്ന് ആംബുലന്‍സില്‍ ലിസ്ബണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.
യുവതി മരിച്ച് മണിക്കൂറുകൾക്കകമാണ് ആരോഗ്യമന്ത്രി രാജിവെച്ചത്. ഇനി ഓഫീസിൽ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതെ സമയം പോർച്ചുഗലിൽ മരിച്ച ഇന്ത്യൻ യുവതിയെ കുറിച്ച് അറിയാമെന്നും എന്നാൽ പോർച്ചുഗലിൽ നടന്നതിന്റെ മുഴുവൻ വിശദാംശങ്ങളും തനിക്കറിയില്ലെന്ന് എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്:” അദ്ദേഹം പറഞ്ഞു.






